Wednesday, 5 October 2016


കാര്യങ്ങൾ വിലയിരുത്താനും തീരുമാനമെടുക്കാനും കുട്ടികളെ പഠിപ്പിക്കാം

confused-baby

ചെരുപ്പ് വാങ്ങാൻ കടയിൽ കയറിയാൽ മക്കൾ പല അമ്മമാരെയും വട്ടം കറക്കാറുണ്ട്. ഷൂ വേണോ ചപ്പൽ വേണോ..ഒരെണ്ണം തീരുമാനിക്കുമ്പോഴാകും റാക്കിലിരിക്കുന്ന സുന്ദരൻ ഫ്ലിപ് ഫ്ലോപ്പിൽ കണ്ണുടക്കുന്നത്. അതൊന്നു വാങ്ങി രക്ഷപ്പെടാനൊരുങ്ങുമ്പോൾ അതാ കൈയിലൊരു സ്പോർട്സ് ഷൂ.... കു‍ഞ്ഞു മനസ്സ് കുട്ടിക്കുരങ്ങനെ പോലെ ചാടി മറിയുമ്പോൾ തീരുമാനവും വൈകും. അഭിരുചിയിലും ഇഷ്ടത്തിലുമുളള ഈ തടസം നീക്കാൻ കുട്ടിയെ സഹായിക്കാം.

യൂണിഫോമില്ലാത്ത ദിവസം സ്കൂളിലേക്ക് ഏത് ഡ്രസിടാം. സ്നാക്സ് ബോക്സിൽ വയ്ക്കേണ്ട പലഹാരം എന്ത് എന്നിങ്ങനെ ചെറിയ ചെറിയ തീരുമാനമെടുക്കാനാണ് ആദ്യം പഠി പ്പിക്കേണ്ടത്. സാഹചര്യങ്ങളുമായി റിലേറ്റ് ചെയ്യുന്ന, പ്രായത്തിനും ബുദ്ധിക്കും വഴങ്ങുന്ന കാര്യങ്ങളെപറ്റി സംസാരിച്ചു വേണം ഇത്തരം കാര്യങ്ങളിൽ കുട്ടിയെ കൊണ്ട് തീരുമാനമെടുപ്പിക്കാൻ.

മറ്റുളളവർ തീരുമാനമെടുക്കുന്ന രീതി കണ്ടു മനസിലാക്കാൻ കുട്ടിക്ക് അവസരം നൽകുകയാണ് ആദ്യപടി. വൈകിട്ട് പുറത്തു പോയി ഭക്ഷണം കഴിക്കണോ സിനിമ കാണണോ എന്ന ആശയക്കുഴപ്പം കുട്ടിയുടെ മുന്നിൽ വച്ചു തന്നെ ഉണ്ടാക്കുക. അവന്റെ കൂടി സമ്മതത്തോടെ ഇന്ന് സനിമ, അടുത്ത ദിവസം ഭക്ഷണം എന്ന തരത്തിൽ തീരുമാനമെടുക്കാം. പല കാര്യങ്ങളിലും കുട്ടി ആശയക്കുഴപ്പം കാണിക്കുമ്പോൾ ഇത് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഒഴിവാക്കാൻ സാധിക്കാത്ത രണ്ടുകാര്യങ്ങൾ മുന്നിൽ വന്നാൽ സോൾവ് ചെയ്യാവുന്ന വഴിയാണ് ഇത് എന്നു‌ം പറയാം.

ഇനി ഒന്ന് ഒഴിവാക്കി മറ്റൊന്ന് തിരഞ്ഞെടുക്കാൻ കുട്ടിയെ പഠിപ്പിക്കാം. മകന് സമ്മാനമായി 100 രൂപയുടെ ഷോപ്പിങ് കൂപ്പൺ ലഭിച്ചു എന്നിരിക്കട്ടെ. എന്തു‍ സമ്മാനമാണു വാങ്ങേണ്ടത് എന്ന് തീരുമാനിക്കാൻ അവനോടു പറയാം. പല പല സാധനങ്ങളുടെ പേരുകൾ അവർ പറ‍ഞ്ഞേക്കാം. അവയിൽ ഓരോന്നിനെയും വേർതിരിക്കുന്ന പ്രത്യേകതകൾ കണ്ടെത്താൻ ആവശ്യപ്പെടൂ. ആ പ്രത്യേകതകളിൽ ഏതാണ് കുട്ടി യെ കൂടുതൽ ആകർഷിക്കുന്നതെന്നു ചോദിക്കുക. ഒന്ന് മികച്ചതാണെന്ന് പറയുമ്പോൾ അതിലൂടെ മറ്റേതിന്റെ പോരായ്മയാണ് കണ്ടെത്തുന്നതെന്നു പറഞ്ഞു മനസിലാക്കുക.

ചില സാധനങ്ങൾ വേണമെന്ന് നിർബന്ധം പിടിക്കുന്ന ശീലം കുട്ടികൾക്കുണ്ട്. ഈ പ്രായത്തിൽ ആവശ്യമില്ലാതെ അല്ലെങ്കിൽ പ്രയോജനമില്ലാത്ത സാധനങ്ങളാകും കുട്ടി വേണമെന്ന് വാശി പിടിക്കുന്നത്. ഇങ്ങനെ നിർബന്ധം പിടിക്കുന്ന കുട്ടിയോട് ആ വസ്തുവിന്റെ പ്രത്യേകതകൾ പറയാൻ ആവശ്യപ്പെടുക. ഈ പ്രത്യേകതകളിൽ മൂന്നെണ്ണമെങ്കിലും ഇപ്പോഴത്തെ ആവശ്യങ്ങളുമായി ഇണങ്ങുന്നതാണെങ്കിൽ വാങ്ങി നൽകാം എന്ന ഡിമാൻഡ് വയ്ക്കണം.

ഈ വഴികളൊന്നും ഫലിക്കുന്നില്ലെങ്കിൽ ഒരു പൊടിക്കൈ നോക്കാം. തിരഞ്ഞെടുക്കാനുളള കുട്ടിയുടെ സ്വാതന്ത്ര്യത്തിനു തടസ്സം പറയാതെ ഓപ്ഷൻസ് പരിമിതപ്പെടുത്തുക. പിറന്നാളിന് വാങ്ങാനുളള കേക്ക് തിരഞ്ഞെടുക്കാനായി കുട്ടിക്ക് ‌ബേക്കറിയുടെ ബ്രോഷർ നൽകാം. ചോക്ലറ്റ്, ബ്ലാക് ഫോറസ്റ്റ്, വനില എന്നിങ്ങനെ കുട്ടിയുടെ ചോയ്സ് പരിമിതപ്പെടുത്തി തൂക്കം, വില എന്നിവയൊക്കെ നിങ്ങളുടെ തീരുമാനത്തിൽ നിർത്താം ബർത്ഡേ കേക്ക് നിങ്ങൾ തീരുമാനിച്ച ശേഷം ഐസിങ്, കാൻഡിൽ, ഡെക്കറേഷൻ എന്നിവ തിരഞ്ഞെടുക്കാൻ അവസരം നൽകുകയുമാകാം. 


No comments:

Post a Comment