കുട്ടിയുമായി ഷോപ്പിങ്ങിനു പോയി വന്നാൽ ഒരു മാസത്തെ ബജറ്റ് തീരും. കടയിൽ കയറിയാൽ വേണ്ടാത്തതൊന്നുമില്ല. വാങ്ങികൊടുത്തില്ലെങ്കില്‍ വാശി, ദേഷ്യം, കരച്ചിൽ. ഇനി വാങ്ങികൊടുത്താലോ വീട്ടിലെത്തും മുമ്പ് തീരും ആവേശം. കുഞ്ഞുങ്ങളെ പണത്തിന്റെ മൂല്യമറിയിച്ചു വളർത്താൻ സാമ്പത്തിക പാഠങ്ങൾ ചെറുപ്പത്തിലേ തുടങ്ങണം. ‘മണി സ്മാർട്’ ആയി വളരട്ടെ മക്കൾ.
∙ കുട്ടികളുടെ ആദ്യപാഠപുസ്തകം മാതാപിതാക്കളാണ്. ഒ രു ലക്ഷത്തിന്റെ വാച്ചാണെങ്കിലും അഞ്ചു രൂപയുടെ പേന ആ ണെങ്കിലും ഒരേ സൂക്ഷ്മതയോടെ നിങ്ങൾ കൈകാര്യം ചെയ്യുക. ഏതു ചെറിയ വസ്തുവിനും മൂല്യമുണ്ടെന്ന പാഠം കുട്ടികൾ നിങ്ങളിൽ നിന്നു പഠിക്കും.
∙ ഭക്ഷണം, വൈദ്യുതി, വെള്ളം എന്നിവയൊന്നും പാഴാക്കരുത്. കാണിച്ചു കൊടുക്കുന്നതിനൊപ്പം മനസ്സിൽ പതിയത്തക്കവിധം പറഞ്ഞും കൊടുക്കുക.
∙ വളരെ കഷ്ടപ്പെട്ടാണു പണം സമ്പാദിക്കുന്നതെന്നും ഈ പണത്തിൽ നിന്നു നാളേയ്ക്കുള്ള സമ്പാദ്യം കൂടി കരുതണമെന്നും പറഞ്ഞാൽ കൊച്ചു കുട്ടികൾക്കു മനസ്സിലാകണമെന്നില്ല. മുതിർന്ന കുട്ടികൾക്ക് ഈ കണക്കുപറച്ചിൽ ഇഷ്ടമാകണം എന്നുമില്ല. അതുകൊണ്ട് മാസച്ചെലവുകൾ കണക്കുകൂട്ടുമ്പോഴും ബില്ലുകൾ അടയ്ക്കുമ്പോഴും മക്കളേയും ഒപ്പമിരുത്തുക.
∙ കുട്ടിയുടെ ആവശ്യങ്ങളും ചെലവുകളും കണക്കിലെടുത്ത് അവർക്കായി ഒരു ബജറ്റ് തയാറാക്കാം. ഈ മാസം ഇത്ര തുകയേ മാറ്റി വച്ചിട്ടുള്ളുവെന്നും അതിൽ കവിഞ്ഞ ആവശ്യങ്ങൾ സാധിച്ചു തരില്ലെന്നും പറയാൻ മടിക്കേണ്ട.
∙ ചെലവു മാത്രം അറിഞ്ഞല്ല കുട്ടിയുടെ മനസ്സും അറിഞ്ഞു വേണം ബജറ്റ് തയാറാക്കൽ. മക്കളുടെ ആവശ്യങ്ങളെ പാടെ നിരാകരിക്കുന്ന മനോഭാവം സ്വീകരിക്കുകയുമരുത്.
∙ കുട്ടികള്‍ക്കു വിനിയോഗിക്കാൻ എല്ലാ മാസവും ഒരു നിശ്ചിത തുക കൈയിൽ കൊടുക്കാം. വലിയ കുട്ടികൾക്ക് അ വരുെട പേരിലുള്ള അക്കൗണ്ടിലേക്ക് തുക മാറ്റി കൊടുക്കാം. മക്കളുമായി ഷോപ്പിങ്ങിനിറങ്ങുമ്പോൾ ഈ തുകയിൽ നിന്ന് ആവശ്യങ്ങൾക്കായി ചെലവാക്കുക. ആവശ്യങ്ങളേക്കാൾ ഉപരി ആഗ്രഹങ്ങള്‍ക്കായി പണം മുടക്കാൻ അനുവദിക്കരുത്.
∙ ആവശ്യങ്ങളെ എങ്ങനെ തിരിച്ചറിയണം എന്നു പഠിപ്പിക്കാനുള്ള എളുപ്പവഴി, കുട്ടിയെക്കൊണ്ട് സ്വയം ബജറ്റ് തയാറാക്കിക്കുക എന്നതാണ്. കൈയിൽ പണം കിട്ടിയാൽ ചെലവ്, സമ്പാദ്യം, നിക്ഷേപം എന്ന രീതിയിൽ തരംതിരിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിച്ചെടുക്കണം. ഒരു പ്ലേ സ്റ്റേഷൻ കുട്ടിയുടെ മോഹമാണെങ്കിൽ എല്ലാ മാസത്തേയും ബജറ്റിൽ നിന്ന് ചെറിയ തുക അതിനായി മാറ്റി വച്ചു വാങ്ങാൻ പറയുക.
∙ ഒരു മാസം മിച്ചം പിടിക്കുന്ന തുകയ്ക്കു അധിക അലവൻസ് നൽകി കുട്ടികളിൽ സമ്പാദ്യശീലം വളർത്താം. ബാങ്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശപോലെ കുട്ടിയുടെ സമ്പാദ്യത്തിന് നിങ്ങളുടെ വക ഒരു ‘സ്നേഹപ്പലിശ’ നല്കാം
∙ സമ്പാദ്യത്തിന്റെ ചെറിയ ഭാഗം നിർധനരുടെ പഠനസഹായത്തിനായി മാറ്റി വയ്ക്കാൻ പഠിപ്പിക്കൂ. ചെറുപ്പം മുതൽ കുട്ടി അറിഞ്ഞു വളരട്ടെ സമൂഹത്തിൽ തന്നേക്കാൾ പണത്തിന് ആവശ്യമുള്ളവർ ഉണ്ടെന്നും അവര്‍ക്ക് താങ്ങാവേണ്ടത് തന്റെ കൂടി കടമയാണെന്നും.
No comments:
Post a Comment