Thursday, 6 October 2016


മക്കളോടുളള ബന്ധം കൂടുതൽ ദൃഢമാക്കാൻ, അവരുടെ ചിരിയെന്നും മായാതെ നിൽക്കാൻ ഇതാ എ ടു സഡ് മാർഗങ്ങൾ...


A appreciate


ആഹാാ...നല്ല ഭംഗിയുണ്ടല്ലോ മോളുടെ പെയിന്റിങ്...അതു മതിയാകും മറ്റൊരു മൈക്കലാഞ്ചലോയെ സൃഷ്ടിക്കാൻ.... അഭിനന്ദനം ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? സ്വാഭാവികമായും നിങ്ങളുടെ കുട്ടികളും അത് ആഗ്രഹിക്കുന്നുണ്ടാകും. ആ ആഴ്ചയിൽ നിങ്ങൾക്കിഷ്ടപ്പെട്ട നല്ല ഗുണത്തെകുറിച്ച് എഴുതി അവർക്ക് നൽകൂ. തിങ്കളാഴ്ച രാവിലെ ബ്രേക് ഫാസ്റ്റ് കഴിഞ്ഞ് പാത്രം കഴുകിയതോ, തുണികൾ മടക്കി വച്ചതോ എന്തുമാകട്ടെ, അവരെ അഭിനന്ദിക്കൂ. അഭിനന്ദനത്തേക്കാൾ വലിയ അംഗീകാരം മറ്റെന്താണ്?


B bedtime tales


കഥ കേട്ടുറങ്ങിയ കുട്ടിക്കാലം ഓർമയില്ലേ? ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും കൂട്ടു വന്ന കുട്ടിക്കാലം. തെന്നാലി രാമനും ബീർബലും റാപുൻസെലും വിഡ്ഢികൂശ്മാണ്ഡവും ഒക്കെ കേട്ട് എത്ര രാത്രികൾ നാം ഭാവനാലോകത്ത് മറ്റൊരു ആലീസായിട്ടുണ്ടാകും. കുട്ടികൾക്ക് കഥകൾ വായിച്ചു കൊടുക്കുക. ഇത് കുട്ടികളുമായി നല്ല ബന്ധം വളർത്താൻ സഹായിക്കും. കൊച്ചു കുട്ടികൾക്കായി കഥകൾ പറയുമ്പോൾ അഭിനയിക്കുകയും ചെയ്യാം. മൂല്യങ്ങൾ ഉൾകൊണ്ട് അവർ വളരട്ടെ.


C communicate


കമ്മ്യൂണിക്കേറ്റ്....കമ്മ്യൂണിക്കേറ്റ്....കമ്മ്യൂണിക്കേറ്റ്! കൊച്ച് കൊച്ച് പരാതികളും പരിഭവങ്ങളും കൂടി കലർന്നുളള കുട്ടിവർത്തമാനം കിളിക്കൊഞ്ചൽ പോൽ മധുരമല്ലേ....ഓഫിസിൽ നിന്നു മുഷിഞ്ഞ് വന്നയുടനെ സ്കൂളിലെ വിശേഷങ്ങൾ പറയാനെത്തുന്ന മകൻ മുഷിപ്പുണ്ടാക്കാം. പക്ഷേ, ആ ഇത്തിരി നേരം, നല്ല സുഹൃത്തുക്കളായാൽ, നിങ്ങളറിയാത്ത ഒന്നും അവർക്കുണ്ടാവില്ല. ഒരു തലോടൽ, ഉറങ്ങുന്നതിന് മുമ്പ് ഒരു ചുംബനം, ഇതെല്ലാം ആശയവിനിമയമാണ്.


D dine together


ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നവർ തമ്മിൽ വൈകാരികമായ അടുപ്പും രൂപപ്പെടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശാരീരികമായി മാത്രമല്ല മാനസികമായും തീൻമേശയിൽ ഉണ്ടാകാൻ ശ്രദ്ധിക്കണം. മൊബൈൽ ഫോണിന്റെ അതിപ്രസരം തീൻ മേശയിലേക്ക് കടന്നെത്തണ്ട. ടിവിയും സോഷ്യൽ മീഡിയയും ഉപേക്ഷിച്ച് ജീവിതത്തിലെ കൊച്ചു വർത്തമാനങ്ങൾക്കായി ഈ നിമിഷം ചെലവഴിക്കാം. അവ ജീവിതത്തെയും കൂടുതൽ സ്വാദിഷ്ഠമാക്കട്ടെ.


E empathize


ലൈഫ് ഈസ് ബ്യൂട്ടിഫുൾ സിനിമയിലെ ക്ലൈമാക്സ് ഓർമയുണ്ടോ? ഈ ആംഗിളിൽ നിന്നു നോക്കുമ്പോൾ സാർ, യു ആർ ഗ്രേറ്റ്... അതു പോലെ കാര്യങ്ങളെ കാണാൻ ശ്രമിക്കുക. ഞാൻ പിടിച്ച മുയലിനു മൂന്നും നാലും കൊമ്പു വരുമ്പോൾ അപ്പുറത്തിരിക്കുന്ന ആളുടെ ആംഗിളിൽ‌ ചിന്തിക്കാൻ നമുക്ക് എവിടെ സമയം? ഒരു സംഭവത്തെ വ്യത്യസ്തമായ ആംഗിളിൽ കാണാൻ ശ്രമിക്കുന്നതു വഴി വൈകാരികമായ പക്വത നേടാനാകും.


F flexible

a-z-stories

ബീ ഫ്ലക്സിബിൾ....മറ്റുളളവരോട് ക്ഷമിക്കാനും അവരെ ഉൾക്കൊളളാനും ഇത് വഴി കഴിയും. എന്താണ് നിങ്ങൾക്ക് പ്രയാസകരമായത് എന്ന് തിരിച്ചറിയാം. ഭർത്താവിനും കുട്ടികൾക്കും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതാണിഷ്ടം എന്നു കരുതുക. മാസത്തിൽ രണ്ടു വട്ടം അവരുടെ ഇഷ്ടം നടന്നോട്ടെ. അല്ലെങ്കിൽ വർഷത്തിലൊരിക്കൽ ഭർത്താവിനും കുട്ടികൾക്കും ഒരു യാത്രപോകണമെങ്കിൽ അതിനോട് സഹകരിക്കുക. പിടിവാശി ഒഴിവാക്കുമ്പോൾ വീട് സ്വർഗമാകും.


G gratitude 

നന്ദി ചൊല്ലാൻ പഠിപ്പിക്കാം. കുട്ടികൾ പാത്രം കഴുകാൻ സഹായിക്കുമ്പോഴും വീട് വൃത്തിയാക്കുമ്പോഴും അവരോട് നന്ദി പറയാം. വയ്യാതെ നിങ്ങൾ കിടന്നപ്പോൾ ഭർത്താവുണ്ടാക്കി തന്ന മധുരം അല്പം പോലുമില്ലാത്ത കടുപ്പമേറിയ കാപ്പിക്കും നന്ദി പറയാം. അതുണ്ടാക്കി തരാനുളള മനസ്സ് ഉണ്ടായല്ലോ. കുട്ടികൾ നിങ്ങളെ കണ്ടാണ് പഠിക്കുന്നത്. ദൈവത്തോടും നന്ദിയുളളവരായിരിക്കാൻ അവരെ പഠിപ്പിക്കാം.


H happy planning


സ്വന്തം ഹോബിക്ക് എത്ര സമയം മാറ്റി വച്ചാലും നമുക്ക് മടുക്കാറില്ലല്ലോ.....കുടുംബത്തേയും ഹോബിയായി കണക്കാക്കുക. കൂടുതൽ സമയം ഒരുമിച്ച് ചെലവിടുന്നതിനും ഒരേ മനസ്സോടെ, ടീമായി കാര്യങ്ങളെ സമീപിക്കുന്നതും ഒക്കെ നല്ലതാണ്. വീട്ടിലൊരാളുടെ പിറന്നാൾ വരുമ്പോൾ മറ്റുളളവർക്കൊരുമിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യാം. കാർഡ് ഉണ്ടാക്കുന്നത് ഒരാളാണെങ്കിൽ അടുത്തയാൾ എല്ലാവരെയും ക്ഷണിക്കട്ടെ. വീട് വൃത്തിയാക്കാനും ഗാർഡനിങ്ങിനും ഒക്കെ ഈ ടീം വർക്ക് ഉപകാരപ്പെടും.


I inspire


എടാ.... നിനക്കിതിന് കഴിയും, നിനക്കേ കഴിയൂ... ഒന്നു പറഞ്ഞു നോക്ക്....ക്ലിക്കായാൽ മാറി മറിയുന്നത് ഒരു ജീവിതമായിരിക്കും. നിങ്ങളെ അത്രയ്ക്കു വിശ്വാസമുളള, അത്രയും ബഹുമാനിക്കുന്ന ഒരാൾക്ക് മാത്രമേ ആത്മാർഥമായി പ്രോത്സാഹിപ്പിക്കാനാകൂ. കുഞ്ഞുങ്ങളെ നല്ലവരായി വളരാൻ, നല്ല ആരോഗ്യത്തോടു കൂടി ഇരിക്കാൻ പ്രോത്സാഹിപ്പിക്കാം. കഴിവുകൾ മാത്രമല്ല, നല്ല പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കണം.


J jam together


ഭക്ഷണത്തെപോലെ തന്നെയാണ് പാട്ടും. അച്ഛനും അമ്മയും കൂടി പാടി ചുവടു വയ്ക്കുമ്പോൾ കുട്ടികളിലേക്കും ആ ഒരുമ പകരും. കുടുംബം പക്വതയുടേതു മാത്രമല്ല, കുട്ടിത്തത്തിന്റേതു കൂടിയാണ്. രണ്ടാഴ്ചയിലൊരിക്കൽ വെറുതെ ഒരു മ്യൂസിക് പാർട്ടി നടത്താം. ഒരുമിച്ചിരുന്ന് കളിക്കുന്ന അന്താക്ഷരിക്ക് എന്തു രസമാണ്.


K kind


ക്ഷമയും സഹാനുഭൂതിയുമില്ലാതെ ഒരു ബന്ധവും നിലനിന്നിട്ടില്ല. സ്നേഹത്തോടു കൂടിയുളള ഒരു സ്പർശം അത് കൊതിക്കാത്ത ആരാണ് ഉളളത്? തീർച്ചയായും കുട്ടികളെ തുറന്നു സംസാരിക്കാൻ സഹായിക്കാനും ഇതിന് കഴിയും.


L laugh together

a-z-togetherness
ഒരു ചിരി, രണ്ട് ഹൃദയങ്ങൾ തമ്മിലുളള ഏറ്റവും ചെറിയ ദൂരമാണത്. കുടുംബവുമായി പൊട്ടിച്ചിരിക്കൂ. നമുക്ക് പറ്റിയ അമളി ഓർത്താകാം, കോമഡി മൂവി കണ്ടാകാം. ഒരുമിച്ച് ചിരിക്കുക. വിഷമം ഉണ്ടാകുമ്പോഴും പ്രിയപ്പെട്ടവർക്കായി ഒരു ചിരി മാറ്റി വയ്ക്കുക.


M memories


ഓർമ്മിക്കാൻ ഞാൻ നിനക്കെന്തു നൽകണം....? ഓർമകൾ ഉളളവരാകുക. ഈ ഓർമകളാകും പ്രശ്നങ്ങൾ‌ ജീവിതത്തിലേക്ക് വരുമ്പോഴും സഹായിക്കുക. ഭർത്താവും മക്കളുമായി പിണങ്ങുമ്പോഴും വെറുതേ മറിച്ചു നോക്കുന്ന ആൽബങ്ങൾ നിങ്ങളെ ആർദ്രരാക്കാറില്ലേ.


N nurture talents

a-z-painting
കുഞ്ഞുങ്ങളുടെ കുട്ടിക്കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാം. അവരുടെ കുഞ്ഞിഷ്ടങ്ങൾക്ക് ചെവിയോർക്കാം. അവൾ നിങ്ങൾക്ക് വരച്ചു നൽകുന്ന ഡ്രോയിങ് ഫ്രെയിം ചെയ്ത് നൽകാം. കഴിയുമെങ്കിൽ അവർ ഉണ്ടാക്കിയ ആഭരണങ്ങളണിഞ്ഞ് പുറത്തു പോകൂ. അത് അവരുടെ ആത്മവിശ്വാസം കൂട്ടും.


O outdoor activity


ഇടയ്ക്കിടെയുളള പിക്നിക്കുകളും മറ്റും നമ്മെ ഫ്രഷ് ആൻഡ് എനർജെറ്റിക്ക് ആക്കും. ഒരുമിച്ചുളള യാത്രകളിലാണ് നാം കൂടുതലായി നമ്മെ അറി‌യുക. ഒരു സൂര്യോദയമാകട്ടെ, ബീച്ചിലെ സന്ധ്യയാകട്ടെ, അവ‌യെല്ലാം നമ്മുടെ ബോണ്ടുകളെ കൂടുതൽ ശക്തമാക്കുന്നു.


കുഞ്ഞുങ്ങൾക്കൊപ്പം മണൽതരികളിൽ കൊട്ടാരം പണിയാം. തിരകളിൽ തൊടാതെ നടക്കാം. നിങ്ങളുടെ ഉളളിലെ കുട്ടിക്കും പുറത്തു വരാൻ കൊതിയുണ്ടാവില്ലേ?


P pamper


കുഞ്ഞുങ്ങളെ ഓമനിക്കുക. രാവിലെ ബെഡ്ടീക്കൊപ്പം ഒരു ഗുഡ്മോണിങ് പറയാം. അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി നൽകാം. കുട്ടികളുടെ മനസ്സിലേക്ക് കയറിപറ്റാനുളള ഏറ്റവും നല്ല വഴി അവർക്കിഷ്ടമുളള നല്ല ഭക്ഷണം ഉണ്ടാക്കി കൊടുക്കലാണ്.


Q quiet time


ജീവിതത്തിലെ ബഹളങ്ങളിൽ നിന്ന് മാറി നിങ്ങളുടേതായ അൽപ്പം സമയം. ആഴ്ചയിൽ രണ്ട് മണിക്കൂർ, ഫോണിന്റേയോ കുട്ടികളുടേയോ ബഹളങ്ങളില്ലാതെ പങ്കാളികൾക്ക് മാറി ഇരിക്കാം. കൈ കോർത്ത് നിശബ്ദതയിലൂടെ നടക്കാം. അല്ലെങ്കിൽ അരികിലിരുന്ന് പുസ്തകം വായിക്കാം. നിശബ്ദത ഹൃദയത്തെ തൊടട്ടെ.


R respect


ബഹുമാനിക്കുക. പലപ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടു കളും നിലപാടുകളുമായിരിക്കും പങ്കാളിയുടേത്. അതിനെ നഖശിഖാന്തം എതിർക്കുന്നതിനു പകരം ബഹുമാനത്തോടെ വിയോജിക്കാം. ബന്ധങ്ങളുടെ അടിസ്ഥാനം എല്ലായ്പോഴും പരസ്പര വിശ്വാസമാണ്.


S space giving


എല്ലാ വ്യക്തികൾക്കും സ്പേസ് ആവശ്യമാണ്. അത് സ്വകാര്യതയാകാം. ഫ്രീഡം ആകാം. ഒരു വ്യക്തി എന്ന നിലയിൽ വളരാൻ അവ ആവശ്യമാണ്. കുട്ടികൾക്കും ഈ സ്പേസ് അനുവദിക്കാം. അവരുടെ ഡയറിക്കുറിപ്പുകളും മറ്റും രഹസ്യമായിരിക്കട്ടെ.


T travel together


എല്ലാവരും ഒരുമിച്ചുളള ഒരു യാത്ര. വർഷത്തിൽ രണ്ടു തവണയെങ്കിലും വേണം. യാത്രയുടെ ഉത്തരവാദിത്തങ്ങളും പങ്കിട്ടെടുക്കാം. ബാഗ് പാക്ക് ചെയ്യാനുളള ലിസ്റ്റ് ഉണ്ടാക്കുന്നതും മറ്റും കുട്ടികളെ ഏൽപിക്കാം. മുതിർന്ന കുട്ടികൾ ഇളയവരെ നോക്കട്ടെ. തീർച്ചയായും കൂടുതൽ അടുത്തിടപഴകാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.


U understand


മനസ്സിലാക്കുക. ചില സമയങ്ങളിൽ പൂർണമായും മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിലാക്കാൻ ശ്രമിക്കാമല്ലോ. സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അനുകമ്പയുടെയും ആകെ തുകയാണ് മനസ്സിലാക്കുക എന്നത്. നല്ല കേൾവിക്കാരനാവുക എന്നതാണ് ഒരാളെ മനസ്സിലാക്കാനുളള ഏക വഴി. പക്ഷേ, സുദൃഢമായ ബന്ധങ്ങൾക്ക് വെറും കേൾവിയേക്കാൾ പ്രധാനം പങ്കു വയ്ക്കലാണ്. കുട്ടികളോടും ഈ പങ്കുവയ്ക്കലുകൾ വേണം. നിങ്ങളുടെ കുട്ടിക്കാലം അവരും അറിയട്ടെ.


V vision sharing


നീ നിന്റെ സ്വപ്നങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത് എന്നെ അതിലുൾപ്പെടുത്താൻ നീ മറന്നു പോയി (പൗലോ കൊയ് ലോ). ഭാവിയെക്കുറിച്ചുളള തീരുമാനങ്ങൾ തനിച്ചെടുക്കാതിരിക്കുക. നിങ്ങളുടെ സ്വപ്നങ്ങളിൽ പ്രിയപ്പെട്ടവരും ഉണ്ടാകട്ടെ. വീട് വയ്ക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും ഒക്കെ എല്ലാവരുടേയും ആഗ്രഹങ്ങൾ ചോദിച്ചറിയാം. ഒരുമിച്ച് കാണുന്ന സ്വപ്നങ്ങൾക്ക് ഏറെ ഭംഗിയില്ലേ?


W warmth


സ്വാർത്ഥതയോളം സ്നേഹത്തെയും സമാധാനത്തേയും നശിപ്പിക്കുന്ന ഒന്ന് വേറെയില്ല. എല്ലായ്പോഴും സൗമ്യമായി സംസാരിക്കുക. ദേഷ്യപ്പെട്ടു പോയാലും ക്ഷമ പറയാൻ മടിക്കേണ്ട. ഇടയ്ക്ക് സ്നേഹപൂർവമുളള സ്പർശനങ്ങളും ഇഷ്ടമാണെന്ന ഓർമപ്പെടുത്തലുകളും നല്ലതാണ്. സർപ്രൈസുകളും ഒരുക്കാം.


X xerox of love


ആലിംഗനം, ചുംബനം....അതൊന്നും അത്ര മോശം ഏർപ്പാടല്ല. ഇതെല്ലാം നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കും. ബാല്യം കഴിഞ്ഞ ശേഷവും കുട്ടികൾക്ക് ഇതിന്റെ എല്ലാം ആവശ്യമുണ്ട്. വീട്ടിൽ നിന്നിറങ്ങും മുമ്പ് ഭർത്താവിനെയും കുട്ടികളെയും ചുംബിക്കാം. മടങ്ങി എത്തുമ്പോഴും ആലിംഗനം ചെയ്യാം... ഉറങ്ങുമ്പോഴാകട്ടെ, അവരെ കൈത്തണ്ടയിൽ കിടത്തിയുറക്കാം. ഇതെല്ലാം ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കും.


Y yes...


ചിലപ്പോഴൊക്കെ ഒരു തർക്കം ഒഴിവാക്കാൻ നിങ്ങളുടെ ‘യെസ്.....’ നു കഴിഞ്ഞേക്കും. പുറത്ത് പോകാൻ ആഗ്രഹിക്കുന്ന മകനോട് യെസ് പറയാം. അവരുടെ സന്തോഷമല്ലേ, നമ്മുടെ സന്തോഷം. കഴിയുന്ന കാര്യങ്ങളിൽ വേദനിപ്പിക്കാതെ നോ പറയാം.


Z zoo can change


ശ്ശോ... വീടു കണ്ടാൽ മൃഗശാല പോലെ....കുറ്റം പറയാൻ വരട്ടെ. വീട് ഇടയ്ക്കൊക്കെ മൃഗശാലയാകുന്നത് നല്ലതാണ്. കൃത്യമായ അടുക്കും ചിട്ടയും ചിലപ്പോഴെങ്കിലും വേണ്ടെന്നു വയ്ക്കാം. കുട്ടികളെ സ്വതന്ത്രരായി വളരട്ടേ. ചിതറിക്കിടക്കുന്ന കളിപ്പാട്ടങ്ങളെ കുറിച്ചും ഭിത്തിയിൽ കോറിയിട്ട വരകളെ കുറിച്ചും അമിതമായ ആശങ്കകൾ വേണ്ട. ഇടയ്ക്ക് നനഞ്ഞ വസ്ത്രങ്ങൾ ബെഡിൽ കിടക്കുന്നു എന്നോർത്ത് എന്തു കുഴപ്പം വരാനാണ്. കറകളും കളികളും നല്ലതാണ്. ഒരുമിച്ചു വൃത്തിയാക്കുന്നതിന്റെ, പങ്കു ചേരുന്നതിന്റെ രസം ഒന്നു വേറെയല്ലേ?



No comments:

Post a Comment