Thursday, 6 October 2016


ഓമന മൃഗങ്ങളിൽ നിന്ന് കുട്ടികൾക്ക്മുറിവേറ്റാൽ?

kids-and-pet

വീട്ടിലെ ഓമന മൃഗങ്ങളോടൊപ്പം കളിക്കാൻ കുട്ടികൾക്ക് ഇഷ്ടമാണ്. സാധാരണ ഗതിയിൽ വളർത്തു നായ്ക്കൾ വീട്ടുകാരെ അപകടകരമായ വിധത്തിൽ മുറിവേൽപ്പിക്കാറില്ല. എന്നാൽ വീട്ടു കാരുമായി അത്ര ഇണങ്ങിയിട്ടില്ലാത്ത നായ്ക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടികൾക്ക് മുറിവേൽക്കാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അമ്മമാർ അറിയേണ്ട കാര്യങ്ങളിതാ.

നൽകാം പ്രഥമ ശുശ്രൂഷ

∙നായ കടിക്കുകയോ പോറലേൽപ്പിക്കുകയോ ചെയ്താൽ പ്രഥമ ശുശ്രൂഷ നൽകുകയാണ് ഏറ്റവും പ്രധാനം. ചെറിയ മുറിവോ പോറലോ ആണെങ്കിൽ മുറിവ് പച്ചവെളളം കൊണ്ടു നന്നായി കഴുകിയ ശേഷം വൃത്തിയുളള തുണികൊണ്ട് രക്തവും വെളളവും ഒപ്പിയെടുക്കുക. ഇതിനു ശേഷം ആന്റി സെപ്റ്റിക് ഓയ്ന്റ്മെന്റ് പുരട്ടു‌ക.

∙ആഴത്തിലുളള മുറിവാണെങ്കിൽ വൃത്തിയുളള തുണി കൊണ്ട് ചെറുതായി അമർത്തി രക്തമൊഴുക്ക് നിർത്തണം. ഏതെങ്കിലും തരത്തിൽ മുറിവ് വലുതാകുന്നതു കൂടുതൽ രക്തം നഷ്ടപ്പെടാ നിടയാക്കും. രക്തമൊഴുക്ക് നിലച്ചാൽ മുറിവ് കഴുകി വൃത്തിയാക്കുക. ഇങ്ങനെ മുറിവ് നന്നായി കഴുകുന്നതു ബാക്ടീരിയകളെ പുറത്തുകളയാൻ സഹായിക്കും. മുറിവ് അടഞ്ഞിരുന്നാൽ മുറിവി ലെ അണുക്കൾ പെരുകി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുറിവ് തുണി കൊണ്ടു കെട്ടുന്നത് ഒഴിവാക്കുക. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടണം.

∙ കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടില്ലാത്ത വളർത്തു നായയോ തെരുവുനായയോ ആണു കടിച്ചതെങ്കിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം. ആശുപത്രിയിലേക്കു പോകുമ്പോൾ കുട്ടിക്ക് അതുവരെ എടുത്തിട്ടുളള പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച രേഖകൾ എടുക്കാൻ മറക്കേണ്ട. അഞ്ചു വർഷത്തിനുളളിൽ ടെറ്റനസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ വീണ്ടും കുത്തിവയ്പ്പെടുക്കേണ്ട ആവശ്യമില്ല.

∙ഡോക്ടർ നൽകുന്ന മരുന്നും ആന്റിബയോട്ടിക്കുകളും കുട്ടിക്ക് മുടങ്ങാതെ നൽകണം. പനി, മുറിവ് ഉണങ്ങാതിരിക്കുക ഇവയുണ്ടായാൽ വീണ്ടും ഡോക്ടറെ കാണണം.

അപകടം ഒഴിവാക്കാം

∙എത്ര ഇണങ്ങിയ നായയാണെങ്കിലും ചെറിയ കുഞ്ഞുങ്ങളെ അവയ്ക്കൊപ്പം കളിക്കാൻ വിടുന്നത് ഒഴിവാക്കണം.

∙നായയോട് ശാന്തമായി പെരുമാറണമെന്നും ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ നായയെ ശല്യപ്പെടുത്തുന്ന രീതിയിൽ പെരുമാറരുതെന്നും കുട്ടികളോടു പറയുക.

∙വളർത്തു നായ അസ്വാഭാവികമായി പെരുമാറുന്നുവെങ്കിൽ അതിനെ തുടർച്ചയായി നിരീക്ഷിക്കണം.

∙പേവിഷ ബാധ ഒഴിവാക്കാനായി വളർത്തു നായകൾക്കു കൃത്യമായി പ്രതിരോധ കുത്തിവയ്പെടുക്കാൻ ശ്രദ്ധിക്കണം.

ഡോ.അജിത് .എസ്.എൻ അസിസ്റ്റന്റ് പ്രഫസർ, ജനറൽ മെഡിസിൻ വിഭാഗം മെഡിക്കൽ കോളജ്, തിരുവനന്തപുരം


No comments:

Post a Comment