കുഞ്ഞുമനസ്സിനെയറിയാം
കുഞ്ഞുങ്ങളുടെ ചിന്തയും ഭാഷയും ഭാവനയുമെല്ലാം മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവരുടെ കൊച്ചുമനസ്സില്‍ ഇടം നേടാനാവൂ. അവരോട് സംസാരിക്കേണ്ട രീതികള്‍, പെരുമാറ്റം ഇവയെക്കുറിച്ച്...
കുഞ്ഞുങ്ങളുടെ മനസ്സ് ഒരു മായിക ലോകമാണ്. വര്‍ണ്ണങ്ങളും സ്വപ്‌നങ്ങളും നിറഞ്ഞൊരു കൊച്ചുലോകം. അവര്‍ക്ക് അവരുടേതായ താല്‌പര്യങ്ങളും ചിന്തകളുമെല്ലാമുണ്ട്.
മാതാപിതാക്കളില്‍ പലരും തന്റെ മക്കളുടെ മനസ്സറിയാനോ അവരോട് സംസാരിക്കുവാനോ സമയം കെണ്ടത്താറില്ല. മക്കള്‍ക്കായി സമയം കെണ്ടത്തണം. അവര്‍ക്കായി സമ്പാദിക്കുക മാത്രമല്ല അച്‌ഛനമ്മമാരുടെ ദൗത്യം.
അവനെ ഒരു മികച്ച മനുഷ്യനാക്കി മാറ്റേണ്ടതും മാതാപിതാക്കളുടെ കര്‍ത്തവ്യമാണ്. ഇതിനേറ്റവും പ്രധാനം കുട്ടികളും മാതാപിതാക്കളും തമ്മില്‍ മനസുകൊണ്ട് ഒരാത്മബന്ധമുണ്ടാവണം.
മുതിര്‍ന്നവര്‍ പരസ്‌പരം സംസാരിക്കുന്ന ശൈലിയിലല്ല കുട്ടികളുമായി സംസാരിക്കേണ്ടത്. മുതിര്‍ന്നവര്‍ക്ക് നിസാരമെന്ന് തോന്നുന്ന പലതും കുട്ടികള്‍ക്ക് വലിയ കാര്യമായിരിക്കും.
എങ്ങനെ തുടങ്ങണം ?
കുട്ടികളുമായൊരു ആത്മാര്‍ത്ഥബന്ധം ഉടലെടുക്കണമെങ്കില്‍ അവരുടെ വികാരങ്ങളും സ്വപ്‌നങ്ങളും മനസ്സിലാക്കണം. കുട്ടികള്‍ പലപ്പോഴും പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയുള്ളവരായിരിക്കും.
എന്നാല്‍ അവരുടെ മനസ്സ് അതിനനുസരിച്ച് പാകപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കുകയും അത്തരത്തില്‍ അവരോട് സംസാരിക്കുകയും ചെയ്യും.
പ്രായപൂര്‍ത്തിയായ വ്യക്‌തികള്‍ ചിന്തിക്കുന്ന രീതിയും കുട്ടികള്‍ ചിന്തിക്കുന്ന രീതിയും വ്യത്യസ്‌തമാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ അവരുടെ പ്രശ്‌നങ്ങള്‍ പലതും ഒഴിവാക്കാം.
പ്രായപൂര്‍ത്തിയായ ഒരു വ്യക്‌തിക്ക് ഏത് കാര്യത്തെക്കുറിച്ചും യുക്‌തിസഹമായി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കും. എന്നാല്‍ ഇതേ രീതിയില്‍ കുട്ടികളോട് സംസാരിക്കരുത്.
രണ്ട് മുതല്‍ ഏഴ് വയസ്സ് വരെയുള്ള പ്രായത്തില്‍ കുട്ടികളില്‍ വളരെ പ്രാഥമികമായ ചിന്താശേഷി മാത്രമേ ഉണ്ടായിരിക്കൂ. കാര്യങ്ങളെ യുക്‌തിപൂര്‍വ്വം മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കുണ്ടാവില്ല.
സ്‌കൂള്‍ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് അവര്‍ നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ.
എന്നാല്‍ അതേക്കുറിച്ച് ഗാഹ്യമായി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കില്ല. കൗമാരപ്രായത്തില്‍ എത്തുമ്പോള്‍ മാത്രമേ അവര്‍ പലതിനേക്കുറിച്ചും കൂടുതല്‍ ചിന്തിച്ചു തുടങ്ങൂ.
കുട്ടികളുടെ സംസാരരീതി
ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് സംസാരിക്കേണ്ട രീതിയെക്കുറിച്ച് ഒരു മുതിര്‍ന്ന വ്യക്‌തിക്ക് നന്നായറിയാം. എന്നാല്‍ മുതിര്‍ന്നവര്‍ തമ്മില്‍ സംസാരിക്കുന്നത് കാണുന്ന ഒരു കുട്ടിക്ക് അവര്‍ പറയുന്നത് പലതും മനസ്സിലാക്കാന്‍ സാധിച്ചെന്ന് വരില്ല.
ഏകദേശം രണ്ട് വയസ്സ് പൂര്‍ത്തിയാകുമ്പോഴാണ് കുട്ടി ആദ്യമായി ഭാഷ ഉപയോഗിക്കാന്‍ പഠിക്കുന്നത്. ഏഴ് വയസ്സ് വരെ അവര്‍ കേള്‍ക്കുന്ന വാക്കുകളെ അതേ പടി പറയാനായിരിക്കും അവര്‍ ശ്രമിക്കുക.
പലപ്പോഴും അവര്‍ അതിന്റെ അര്‍ത്ഥമോ ആശയമോ ഒന്നും മനസിലാക്കിയെന്ന് വരില്ല. എട്ട് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അല്‍പ്പം കൂടി യുക്‌തിസഹമായി ചിന്തിക്കാന്‍ സാധിക്കും. എങ്കിലും ആശയങ്ങളും അര്‍ത്ഥവുമെല്ലാം മനസ്സിലാക്കാനുള്ള കഴിവ് പന്ത്രണ്ട്‌് വയസ്സ് മുതേല ലഭിക്കൂ.
കുട്ടികളോടുള്ള ഇടപെടല്‍
കുട്ടിയോട് സംസാരിക്കുമ്പോള്‍ മാതാപിതാക്കളുടെ ലക്ഷ്യം കുഞ്ഞിന്റെ ബുദ്ധിപരവും വൈകാരികവുമായ വളര്‍ച്ചയായിരിക്കണം. കുട്ടിക്ക് തന്റെ ഏത് കാര്യവും അച്‌ഛനമ്മമാരോട് പങ്കുവയ്‌ക്കുവാനുള്ള സ്വാതന്ത്രം ഉണ്ടാകണം.
കുട്ടികള്‍ നമ്മോട് പറയുന്ന പല കാര്യങ്ങളും നിസ്സാരമായി തോന്നിയേക്കാം. അവരുടെ കൊച്ചുകൊച്ചു പിണക്കങ്ങളും പരാതികളും അവരില്‍ നിന്ന് തന്നെ അറിയണം. കുട്ടി പറയുന്നതെന്ത് തന്നെയായാലും അത് ശ്രദ്ധയോടെ കേള്‍ക്കുകയും അവര്‍ പ്രതീക്ഷിക്കുന്ന മറുപടി നല്‍കാനും ശ്രമിക്കണം.
തന്റെ സുഹൃത്തിനോടാണ് സംസാരിക്കുന്നതെന്ന തോന്നല്‍ കുട്ടിയില്‍ ഉണ്ടാക്കിയെടുക്കണം. ലളിതമായ ഭാഷാശൈലിയിലായിരിക്കണം അവരുമായുള്ള ആശയവിനിമയം. അല്ലെങ്കില്‍ കുട്ടിക്ക് അത് അരോചകമായി തോന്നിയേക്കാം.
അവര്‍ പറയുന്നതിന് വിരുദ്ധമായോ അല്ലെങ്കില്‍ മാതാപിതാക്കളുടെ ഇഷ്‌ടങ്ങളോ അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക. കട്ടികളില്‍ അമിതമായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ അതവരില്‍ ഭയമുളവാക്കും.
അച്‌ഛനമ്മമാരോട് സംസാരിക്കുവാനുള്ള താല്‌പര്യം ഇല്ലാതാകും. കുട്ടികള്‍ ചിലപ്പോള്‍ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നിരിക്കും. കുട്ടിയുടെ പ്രായവും പക്വതയും അത്രമാത്രമേയുള്ളൂ.
ചില അവസരങ്ങളില്‍ പലകാര്യങ്ങളായിരിക്കും കുട്ടി സംസാരിക്കുന്നത്. എപ്പോഴെങ്കിലും അത് കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നുമെങ്കിലും അതിനെ തടസപ്പെടുത്തരുത്.
കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുക. കുട്ടികളെ സംസാരിപ്പിക്കാന്‍ പ്രേരിപ്പിക്കുക. ഇതിലൂടെ മറ്റുള്ളവരോട് സംസാരിക്കുവാനുള്ള മടിയും പേടിയും മാറ്റിയെടുക്കാം.
ആശങ്കയകറ്റേണ്ടതെങ്ങനെ ?
പഠന സംബന്ധമായതോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ ആശങ്കകള്‍ കുട്ടികളില്‍ ഉണ്ടാകാനിടയുണ്ട്.
ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആശങ്കകള്‍ തീര്‍ത്ത് കൊടുക്കാനും മാതാപിതാക്കള്‍ക്ക് സാധിക്കണം.
കുട്ടി നേരിടേണ്ടി വന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ചോദിക്കുകയും പരിഹാരമാര്‍ഗം നിര്‍ദ്ദേശിക്കുകയും ചെയ്യണം. പലപ്പോഴും കുട്ടിയുടെ തീരുമാനങ്ങള്‍ ശരിയാവണമെന്നില്ല.
ഇത്തരം അവസരങ്ങളില്‍ തന്നാലാവും വിധം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ചോദിക്കുക.
പല കാര്യങ്ങളും കുട്ടികള്‍ മാതാപിതാക്കളോട് പങ്ക് വയ്‌ക്കുന്നത് അവരോടുള്ള താല്‌പര്യം കൊണ്ടായിരിക്കും. അതെന്നും നിലനിര്‍ത്തിക്കൊണ്ട് പോവുക.
കുട്ടികളറിയേണ്ടത്
എല്ലാ വിഷയത്തെക്കുറിച്ചും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിത്യജീവിതത്തില്‍ അവര്‍ കാണുന്നതും കേള്‍ക്കുന്നതും അറിയേണ്ടതുമെല്ലാം അവര്‍ക്ക് പറഞ്ഞ് കൊടുക്കണം.
ലൈംഗികത, മരണം, മയക്കുമരുന്ന്, ദൈവഭയം ഇവയെക്കുറിച്ചെല്ലാം കുട്ടികള്‍ അറിഞ്ഞിരിക്കണം.
ചെറിയ ആശയങ്ങളായി കുട്ടികള്‍ക്ക് മനസ്സിലാകത്തക്ക വിധത്തിലായിരിക്കണം അവരോട് ഇതേക്കുറിച്ച് സംസാരിക്കേണ്ടത്.
ഇത്തരം വിഷയങ്ങളെക്കുറിച്ചെല്ലാം വ്യക്‌തമായൊരവബോധം കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കണം.
ഇതിനെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായില്ലെങ്കില്‍ തെറ്റായ മാര്‍ഗത്തിലൂടെ അവര്‍ അതിനെക്കുറിച്ച് അറിയാന്‍ ശ്രമിക്കും.
അതിനാല്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കഴിവതും ലളിതമായി സംസാരിക്കുക. കുട്ടികളുടെ അടുത്ത സുഹൃത്തുക്കള്‍ മാതാപിതാക്കള്‍ തന്നെയാണ്.
No comments:
Post a Comment