നവജാത ശിശുവിന് തേൻ കൊടുക്കാമോ? അന്ധമായ ചില ആചാരങ്ങളും അതിന്റെ സത്യാവസ്ഥയും
നാട്ടുവൈദ്യവും നാട്ടറിവുകളുമൊക്കെയായി അന്ധമായ ചില വിശ്വാസങ്ങൾ പിന്തുടരുന്നവരാണ് നമ്മൾ. ജനനം തൊട്ടു മരണം വരെ ഇത്തരം വിശ്വാസങ്ങൾ മുറുക്കെ പിടിക്കുന്നു, അതിനനുസരിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. ഈയിടയ്ക്കാണ് മുലപ്പാൽ കണ്ണിലൊഴിച്ചു നവജാത ശിശുവിന്റെ കാഴ്ച നഷ്ടപ്പെട്ട വാർത്ത നമ്മൾ കേട്ടത്. അതുപോലെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് കുറെ അന്ധമായ ചില ആചാരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അതിൽ ചിലവയുടെ ശാസ്ത്രീയ വശങ്ങളും ശരികളും എന്താണെന്ന് പരിശോധിക്കാം;
1. കുഞ്ഞു ജനിച്ചു രണ്ടു മണിക്കൂറിനുള്ളിൽ തേൻ കൊടുക്കുന്നു
ചെറിയ സിറ്റികളിലും വളരെ ഉൾനാടൻ ഗ്രാമങ്ങളിലുമൊക്കെ നവജാത ശിശുക്കൾക്ക് തേൻ കൊടുക്കുന്ന സമ്ബ്രദായമുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടിയാണ് മുതിർന്നവർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇതിനെപ്പറ്റിയുള്ള ഗവേഷണങ്ങൾ പറയുന്നത് കുഞ്ഞിന് ഗുരുതരമായ അസുഖങ്ങൾ ഉണ്ടാക്കാൻ തേനിന് സാധിക്കുമെന്നാണ്. ബോട്ടിലിസം, ഉദരസംബന്ധമായ അസുഖങ്ങൾ, മലബന്ധം പോലെയുള്ള രോഗങ്ങൾ കുഞ്ഞിന് പിടിപെടാം. ബൾബർ പരാലിസിസ്, ഹൈപ്പോടോണിയ മുതലായ അസുഖങ്ങളും കുഞ്ഞിനെ തേടിയെത്തും.
2. നവജാത ശിശുവിന് ഗ്ലൂക്കോസ് വെള്ളം നൽകുന്നു
കുഞ്ഞു ജനിച്ച ഉടനെ പോഷക സമൃദ്ധമായ ആദ്യത്തെ മുലപ്പാൽ നൽകുന്നതിന് പകരം മിക്കവരും ചെയ്യുന്നത് ഗ്ലൂക്കോസ് വെള്ളം അൽപ്പാൽപ്പമായി കൊടുക്കുകയാണ്. മുലപ്പാലില് പകരം വയ്ക്കാൻ ഒന്നും ഇല്ലെന്നിരിക്കെ കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം കൊടുക്കേണ്ട ആവശ്യമില്ല. അവന് ആവശ്യമായ ഗ്ലൂക്കോസ് സപ്ലിമെന്റ് മുലപ്പാലിലൂടെ ലഭിക്കും. ആദ്യമായി ഊറിവരുന്ന മഞ്ഞ നിറമുള്ള മുലപ്പാലിനെ കൊളസ്ട്രം എന്നാണു പറയുക. ദിവസത്തിൽ കുഞ്ഞിനെ 10 -12 തവണ മുലയൂട്ടുമ്പോൾ തന്നെ ആവശ്യമായ പോഷകഘടകങ്ങൾ കിട്ടുന്നു. ഇതിനുപുറമെ ഗ്ലൂക്കോസ് വെള്ളം കൊടുക്കുമ്പോൾ കുട്ടിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കും. പാൻക്രിയാസ് ഗ്രന്ഥിയുടെ കൂടുതൽ പ്രവർത്തനത്തിന് ഇത് ഇടയാക്കും. എന്നാൽ മുലയൂട്ടൽ നടക്കാത്ത സാഹചര്യത്തിൽ മാത്രം കുഞ്ഞിന് ഗ്ലൂക്കോസ് വെള്ളം നൽകുന്നത് നല്ലതാണ്.
3. ജലദോഷമോ കഫക്കെട്ടോ ഉള്ളപ്പോൾ കുഞ്ഞിന് പാലോ പാലുത്പന്നങ്ങളോ നൽകരുത്
ജലദോഷമോ കഫക്കെട്ടോ ഉള്ളപ്പോൾ കുഞ്ഞിന് പാലോ പാലുത്പന്നങ്ങളോ നൽകരുത് എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇങ്ങനെ പറയുന്നതിൽ ഒട്ടും സത്യമില്ല. കാരണം പഠനങ്ങൾ പറയുന്നത് പാലിലും പാലുത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന ലൈനോലിക് ആസിഡും മറ്റു പോഷക ഘടകങ്ങളും കുട്ടിയുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ്. പാല് കുടിച്ചാൽ ഒരിക്കലും കഫക്കെട്ട് വർധിക്കില്ല. ചില കുട്ടികൾക്ക് ശരീരത്തിന്റെ പ്രത്യേകത അനുസരിച്ചു പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നത് അലർജിയുണ്ടാക്കും. ഇക്കാരണം കൊണ്ട് പാലുത്പന്നങ്ങൾ കഴിക്കുന്നത് നല്ലതല്ല എന്ന് പറയുന്നതിൽ ഒട്ടും വാസ്തവമില്ല.
മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ വീട്ടിലുള്ള മുതിർന്നവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുമ്പോൾ അല്പം കൂടി കരുതൽ നല്ലതാണ്. കാരണം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഡോക്ടറുടെ നിർദേശമില്ലാതെ ഒരു പരീക്ഷണത്തിനും മുതിരരുത്. കാരണം അത്രയ്ക്ക് സെൻസിറ്റീവ് ആയിരിക്കും കുഞ്ഞിന്റെ ചർമ്മവും ആരോഗ്യവും.
No comments:
Post a Comment