Friday 14 October 2016

Parenting A to Z

 

മക്കളെ നന്നായി മനസ്സിലാക്കുന്ന മാതാപിതാക്കളാകാന്‍ ഇംഗ്ലീഷ്‌ അക്ഷരമാല ക്രമത്തില്‍ ചില സൂത്രങ്ങളിതാ... 

A ccept your child


ചെറിയ കുട്ടികളായിരിക്കുമ്പോള്‍ തന്നെ മക്കളെ അംഗീകരിക്കുക. വിരൂപരാണെങ്കിലും മനസ്സു നിറയെ സൗന്ദര്യമുണ്ടെന്നും അവര്‍ക്കുള്ളില്‍ ഒരുപാട്‌ കഴിവുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്നും കുട്ടികളുടെ മനസ്സില്‍ ഒരു അവബോധമുണ്ടാക്കുക. 


B e a Role Model

കുട്ടികള്‍ക്ക്‌ മാതൃകകളാകേണ്ടത്‌ അവരുടെ മാതാപിതാക്കളാണ്‌. പിച്ചവച്ചു തുടങ്ങുന്നതിനു മുന്‍പു തന്നെ എല്ലാക്കാര്യങ്ങളിലും അച്‌ഛനമ്മമാര്‍ മക്കള്‍ക്ക്‌ മാതൃകകളായി മാറുക. മറ്റുള്ളവരെ കണ്ടു പഠിക്കാനല്ല, തങ്ങളെ കണ്ടു പഠിക്കണമെന്ന്‌ മക്കളോട്‌ പറയാനുള്ള ആത്മവിശ്വാസം മാതാപിതാക്കള്‍ക്കുണ്ടാകണം. 


C ommunicate Smoothly

കുട്ടികളോട്‌ നല്ല രീതിയില്‍ സംവദിക്കാന്‍ ശ്രമിക്കുക. അച്‌ഛനമ്മമാരോട്‌ എല്ലാം തുറന്നു പറയാനാകുമെന്ന ചിന്തയുണ്ടായാല്‍ കുട്ടികള്‍ മറ്റു വഴികള്‍ തേടില്ല. കുട്ടികള്‍ പറയുന്നത്‌ എത്ര നിസ്സാരകാര്യമായാലും അതിന്‌ ചെവി കൊടുക്കുക. അവരുടെ വാക്കുകള്‍ക്ക്‌ വില കൊടുക്കുക, ഒരിക്കലുമത്‌ തള്ളിക്കളയാതിരിക്കുക. 


D iscipline with Love


കുട്ടികളോട്‌ അമിതകാര്‍ക്കശ്യം കാണിക്കുന്ന മാതാപിതാക്കളുണ്ട്‌. കൂടുതല്‍ കണിശം ചെലുത്തിയാല്‍ തെറ്റു ചെയ്യാനുള്ള അവരുടെ പ്രേരണ കൂടും. പകരം സ്‌നേഹത്തോടെ, കരുതലോടെ, ലാളനയോടെ അച്ചടക്കമായി വളര്‍ത്തുക. അതൊരിക്കലും സമ്മര്‍ദ്ദം ചെലുത്തലിലൂടെയാകരുത്‌. അച്ചടക്കവും സ്‌നേഹവും തമ്മില്‍ എപ്പോഴും ബാലന്‍സ്‌ ഉണ്ടാവണം. 


Encourage Food Habits


നല്ല ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ടത്‌ മാതാപിതാക്കളാണ്‌. അച്‌ഛനും അമ്മയും ഫാസ്‌റ്റ് ഫുഡുകളെ സ്‌നേഹിച്ചാല്‍ കുട്ടികളും സ്വാഭാവികമായി അതിന്റെ രുചി ഇഷ്‌ടപ്പെട്ടു തുടങ്ങും. കൃത്യ ഇടവേളകളില്‍ നിശ്‌ചിത സമയം പാലിച്ച്‌ നല്ല ഭക്ഷണം കഴിക്കാന്‍ ചെറുപ്പം മുതല്‍ കുട്ടികളെ ശീലിപ്പിക്കുക.


F ind ways to stay fit

ഭക്ഷണത്തോടൊപ്പം തന്നെ വ്യായാമവും കുട്ടികളെ ശീലിപ്പിക്കുക. അതിരാവിലെ ഒരുമിച്ച്‌ ജോഗിംങ്ങിനിറങ്ങുന്നതും വൈകുന്നേരങ്ങളില്‍ കുട്ടികള്‍ക്കൊപ്പം ഗെയിമുകളില്‍ പങ്കെടുക്കുന്നതിനും സമയം കണ്ടെത്തുക. സൂര്യന്‍ ഉച്ചിയിലെത്തും വരെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന അച്‌ഛനമ്മമാരെ മക്കള്‍ പെട്ടെന്ന്‌ മാതൃകകളാക്കും. അതിനിട വരുത്തരുത്‌. 

G ive Responsibility


വീട്ടില്‍ എന്തു ജോലി ചെയ്യുമ്പോഴും കുട്ടികളെയും ഒപ്പം കൂട്ടുക. അടുക്കള ജോലി ചെയ്യുന്ന അമ്മമാര്‍ക്കൊപ്പവും വീടും കാറുമൊക്കെ വൃത്തിയാക്കുന്ന അച്‌ഛന്മാര്‍ക്കൊപ്പവും മക്കളെയും കൂട്ടുക. ചെറുപ്പം മുതല്‍ എല്ലാക്കാര്യങ്ങളും തങ്ങള്‍ക്കും ചെയ്യാനാവുമെന്ന ഉള്‍ബോധം ഉത്തരവാദിത്തമുള്ളവരായി കുട്ടികള്‍ വളരാന്‍ സഹായിക്കും. 


H ug your Child


മക്കളെ സ്‌നേഹത്തോടെ കെട്ടിപ്പുണരാന്‍ അച്‌ഛനുമമ്മയും മടി കാട്ടരുത്‌. മാതാപിതാക്കളുടെ ആ ചിറകിനടിയില്‍ മക്കള്‍ക്ക്‌ കിട്ടുന്ന വിശ്വാസവും ധൈര്യവും മറ്റാര്‍ക്കും നല്‍കാനാവില്ല. മക്കളില്‍ ആത്മവിശ്വാസം വളരാന്‍ അച്‌ഛനമ്മമാരുടെ സ്‌നേഹവും പരിഗണനയും സഹായിക്കും. മക്കള്‍ എത്രയൊക്കെ വളര്‍ന്നാലും സന്തോഷം വരുമ്പോള്‍ നിറഞ്ഞ മനസ്സോടെ അവരെ കെട്ടിപ്പിടിക്കുന്നതും ഉമ്മ കൊടുക്കുന്നതും നാണക്കേടായി മാതാപിതാക്കള്‍ കരുതരുത്‌.


I nstill Respect


അച്‌ഛനും അമ്മയും പരസ്‌പരം ബഹുമാനിക്കുക, സ്‌നേഹിക്കുക. ഇതു കണ്ടു വളരുന്ന മക്കള്‍ മറ്റുള്ളവരെയും പരസ്‌പരവും ബഹുമാനിക്കും. പ്രായത്തില്‍ മുതിര്‍ന്നവരെ അനുസരിക്കാനും, സ്‌നേഹത്തോടെ ബഹുമാനിക്കാനും കുട്ടികളെ ചെറുപ്പം മുതല്‍ ശീലിപ്പിക്കുക. അത്‌ കുട്ടികള്‍ അറിഞ്ഞു തുടങ്ങേണ്ടത്‌ സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ്‌.


J oin PTM


പി.ടി.എം അതായത്‌ പേരന്റ്‌ ടീച്ചേഴ്‌സ് മീറ്റിംഗില്‍ മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികള്‍ക്കു വേണ്ടി തുറന്ന ചര്‍ച്ചകള്‍ നടത്തണം. എത്ര തിരക്കുണ്ടെങ്കിലും അതിനു വേണ്ടി സമയം മാറ്റി വയ്‌ക്കുക. കുട്ടികള്‍ സ്‌കൂളില്‍ എങ്ങനെ പെരുമാറുന്നു, അനുസരണശീലമുണ്ടോ, പഠനത്തിലെ പുരോഗതി എന്നിങ്ങനെ എല്ലാംഅദ്ധ്യാപകരോട്‌ നേരിട്ട്‌ ചോദിച്ചറിയുക. അദ്ധ്യാപകരും മാതാപിതാക്കളും തമ്മില്‍ ഒരു നല്ല ബന്ധം നിലനിര്‍ത്തുക. 


K eep your Promise

വാഗ്‌ദാനങ്ങള്‍ പാലിക്കേണ്ടതെങ്ങനെയെന്ന്‌ കുട്ടികള്‍ പഠിക്കേണ്ടത്‌ മാതാപിതാക്കളില്‍ നിന്നാണ്‌. പരീക്ഷയ്‌ക്കു മാര്‍ക്കു വാങ്ങിയാല്‍ അതു ചെയ്യാം ഇതു ചെയ്യാം എന്നൊക്കെ വാഗ്‌ദാനങ്ങള്‍ കൊടുക്കുന്ന മാതാപിതാക്കളുണ്ട്‌, പക്ഷേ പലപ്പോഴും ഈ വാക്കുകള്‍ കാറ്റില്‍ പറത്തിക്കളയാറാണ്‌ പതിവ്‌. നിറവേറ്റാവുന്ന വാഗ്‌ദാനങ്ങളെ കൊടുക്കാന്‍ പാടുള്ളു എന്നത്‌ കുട്ടികള്‍ അറിയേണ്ടത്‌ സ്വന്തം കുടുംബത്തില്‍ നിന്നാണ്‌. 


L augh Together


കുട്ടികള്‍ക്കൊപ്പം ചിരിക്കാനും രസിക്കാനും തമാശ പറയാനുമൊക്കെ സമയം കണ്ടെത്തുക. ഉള്ളു തുറന്നു ചിരിക്കുന്നവര്‍ക്കേ ജീവിതത്തെ സ്‌നേഹിക്കാനാകൂ. മറ്റുള്ളവരോട്‌ നന്നായി ഇടപഴകാനും പരിചിതരെ കാണുമ്പോള്‍ ചിരിക്കാനുമൊക്കെ കുട്ടികളെ ചെറുപ്പത്തില്‍ പഠിപ്പിക്കുക. അതിനായി അവര്‍ക്കൊപ്പം ചിരിക്കാനും കളിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തുക. 


M ake Family Rules

മറ്റുള്ളവരെ സഹായിക്കുക, നന്ദിയുള്ളവരായിരിക്കുക, പരസ്‌പരം സ്‌നേഹിക്കുക, മാതാപിതാക്കളും കുട്ടികളും ഒപ്പമിരുന്ന്‌ പ്രാര്‍ത്ഥിക്കുക, ദൈവം തന്ന അനുഗ്രഹങ്ങള്‍ക്കായി നന്ദി പറയുക, എപ്പോഴും സന്തോഷമായിരിക്കുക, സഹകരണമനോഭാവം വളര്‍ത്തുക, സ്വപ്‌നങ്ങള്‍ കാണുക, മുതിര്‍ന്നവരെ ബഹുമാനിക്കുക, മനസ്സു തുറന്നു ചിരിക്കുക എന്നിങ്ങനെയുള്ള കുടുംബ നിയമങ്ങള്‍ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും പിന്‍തുടരണം. 


N ever use Physical Rules


തെറ്റു കണ്ടാല്‍ കുട്ടികളെ ശിക്ഷിക്കണം. എന്നു കരുതി അതൊരിക്കലും ഒരു വിനോദമായി ഏറ്റെടുക്കരുത്‌. ശിക്ഷകള്‍ ക്രൂരമാകാനും പാടില്ല. അനുസരിപ്പിക്കാനായി വേദനിപ്പിച്ചാല്‍ കുട്ടികള്‍ക്ക്‌ ദേഷ്യമേ ഉണ്ടാകൂ. അമിതമായി ശിക്ഷിക്കുന്നത്‌ ദോഷമായി ഭവിക്കും. 


O ffer your Help


കുട്ടികള്‍ക്ക്‌ ആവശ്യമാകുന്ന സാഹചര്യങ്ങളില്‍ അവരെ സഹായിക്കാന്‍ മടി കാണിക്കരുത്‌. തിരക്കാണെന്നോ കുട്ടിക്കളിയാണെന്നോ പറഞ്ഞ്‌ ഒഴിഞ്ഞു മാറരുത്‌. കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി എല്ലാ സഹായങ്ങളും നിറഞ്ഞ മനസ്സോടെ ചെയ്യുക. 


P raise your Child


കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്‌താല്‍ അതിനെ പ്രശംസിക്കാന്‍ യാതൊരു മടിയും കാണിക്കരുത്‌. അവരുടെ വിജയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, കഷ്‌ടപ്പാടുകളെ പ്രശംസിക്കുകയും ചെയ്യണം. പരാജയങ്ങളെ കളിയാക്കുകയുമരുത്‌. 


Q uickly Stop


കുട്ടികള്‍ എന്തു കുസൃതി കാണിച്ചാലും അത്‌ ആസ്വദിക്കാനും പുകഴ്‌ത്തി പറയാനും ശ്രമിക്കരുത്‌. അപകട വസ്‌തുക്കള്‍ തൊടരുതെന്ന ചിന്തയൊന്നും അവര്‍ക്കുണ്ടാകില്ല. പറഞ്ഞു കൊടുത്ത്‌ അപ്പോള്‍ത്തന്നെ അതില്‍ നിന്ന്‌ കുട്ടികളെ പിന്തിരിപ്പിക്കണം. 


R ead Together

വായനശീലം കുട്ടികളില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. അവര്‍ക്കൊപ്പമിരുന്ന്‌ വായിക്കാനും മനസ്സിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനും അക്ഷരങ്ങളെ സ്‌നേഹിക്കാനും പഠിപ്പിക്കണം. വായനയുടെ ആസ്വാദനരുചി അവര്‍ക്കൊപ്പം പങ്കുവയ്‌ക്കണം. 


S how Patience


മാതാപിതാക്കളില്‍ നിന്ന്‌ കുട്ടികള്‍ പഠിക്കുന്നതു പോലെ ക്ഷമയുടെ ഗുണം കുട്ടികളില്‍ നിന്നാണ്‌ അച്‌ഛനമ്മമാര്‍ പഠിക്കേണ്ടത്‌. പിച്ച വച്ചു തുടങ്ങുന്ന കുട്ടി എത്ര തവണ വീണാലും എഴുന്നേറ്റു നടക്കാനുള്ള ശ്രമം നടത്തും.

പരാജയങ്ങളില്‍ നിന്നാണ്‌ വിജയിക്കുന്നതെന്ന്‌ ചെറുപ്പത്തില്‍ മനസ്സിലാക്കുന്ന കുട്ടികള്‍ പക്ഷേ വളരുന്തോറും ക്ഷമ ഇല്ലാത്തവരാകും. സഹനശക്‌തിയും ക്ഷമയും കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ആരും പൂര്‍ണ്ണരല്ല, എല്ലാവരിലും കുറവുകളുണ്ടെന്നും, മറ്റുള്ളവരെ പരിഹസിക്കരുതെന്നും അവരെ പറഞ്ഞു മനസിലാക്കണം.


T each Everything


ആരോഗ്യ പരിപാലനത്തിനു വേണ്ട എല്ലാ ശീലങ്ങളും കുട്ടികളെ പഠിപ്പിക്കണം. ശുചിത്വവും വൃത്തിയുമൊക്കെ ശീലിപ്പിക്കണം. അതിനൊപ്പം അറിഞ്ഞിരിക്കേണ്ട സുരക്ഷാ നിയമങ്ങളും പറഞ്ഞു കൊടുക്കണം. ആരോഗ്യവും സുരക്ഷയും കുട്ടികളെ ചെറുപ്പം മുതല്‍ ശീലിപ്പിക്കണം. 


U se Opportunity


കുട്ടികളോടുള്ള സ്‌നേഹം ഒരിക്കലും മൂടി വയ്‌ക്കരുത്‌. ഉള്ളിലുള്ള സ്‌നേഹം പുറത്തു കാണിച്ചാല്‍ കുട്ടികള്‍ വഷളാകുമെന്നത്‌ തെറ്റായ ധാരണയാണ്‌. സ്‌നേഹിക്കേണ്ട എല്ലാ സാഹചര്യങ്ങളിലും യാതൊരു മടിയും ചമ്മലുമില്ലാതെ കുട്ടികളെ മനസ്സു തുറന്നു സ്‌നേഹിക്കണം. 


V alue your Child


മക്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ വില കൊടുക്കുകയും അവര്‍ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗമാണെന്ന തോന്നലുണ്ടാക്കുകയും ചെയ്യണം. അച്‌ഛനമ്മമാരില്‍ നിന്ന്‌ കരുതലും സ്‌നേഹവും പരിഗണനയും കിട്ടുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ വില കൊടുക്കാനും കുഞ്ഞു മനസ്സില്‍ തോന്നലുണ്ടാകും. 


W ait until you Cool


ദേഷ്യമുണ്ടെന്നു കരുതി അതു മുഴുവന്‍ കുട്ടികളുടെ മേല്‍ ചുമത്തരുത്‌. സ്വയം തണുത്ത ശേഷം വളരെ കാര്യഗൗരവത്തോടെ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. എന്താണ്‌ കുറ്റമെന്നും അത്‌ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ദോഷങ്ങളെന്താണെന്നും അടുത്തു വിളിച്ചിരുത്തി സ്‌നേഹത്തോടെ പറഞ്ഞു കൊടുക്കുക. ദേഷ്യം കൊണ്ട്‌ ഒന്നും നേടാനാവില്ലെന്ന്‌ തിരിച്ചറിയുക. 


Xerox Child’s Record


കുട്ടികള്‍ ഓരോ പ്രായത്തില്‍ നേടുന്ന ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളുമൊക്കെ സൂക്ഷിച്ചു വയ്‌ക്കുക. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുക. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ബാല്യത്തിന്റെ ഓര്‍മ്മകള്‍ അവരുമായി പങ്കുവയ്‌ക്കുക. അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. 


Y ou can make Difference


മക്കളുടെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത്‌ മാതാപിതാക്കളാണ്‌. കുട്ടികളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കാന്‍ മാതാപിതാക്കള്‍ക്ക്‌ കഴിയും.

അച്‌ഛനുമമ്മയും മക്കള്‍ക്ക്‌ വഴികാട്ടികളാവണം. അവരുടെ ഇഷ്‌ടങ്ങള്‍ മനസ്സിലാക്കി അതിനെ ലക്ഷ്യസ്‌ഥാനത്തെത്തിക്കാന്‍ മാതാപിതാക്കള്‍ എപ്പോഴുമവര്‍ക്ക്‌ കൈത്താങ്ങാവണം. 


Z oom Over


മക്കളെ നന്നായി മനസ്സിലാക്കുക. നല്ല മാതാപിതാക്കളാകാന്‍ ശ്രമിക്കുക. ആത്മപരിശോധന നടത്തി കുറ്റങ്ങളും കുറവുകളും കണ്ടെത്തുക. നല്ല മാതാപിതാക്കളില്‍ നിന്നാണ്‌ നല്ല മക്കള്‍ ഉണ്ടാകുന്നത്‌.

അവരില്‍ നിന്നാണ്‌ ഒരു സമൂഹമുണ്ടാകുന്നത്‌, നല്ല സമൂഹത്തില്‍ നിന്നാണ്‌ ഒരു രാഷ്‌ട്രമുണ്ടാവുന്നത്‌. ഇന്നത്തെ കുട്ടികളാണ്‌ നാളത്തെ തലമുറയെന്നത്‌ മറക്കാതിരിക്കുക.



No comments:

Post a Comment